കര്‍ത്താവിന്‍റെ അത്താഴം – ശുശ്രൂഷക്രമം
CSI East Parade Malayalam Church • Order of Service (Malayalam)
വിഷയസൂചിക (Table of Contents) Tap to expand / collapse
I. ഒരുക്കം (Preparation)
1) കീര്‍ത്തനം
ഒരു കീര്‍ത്തനമോ ഗീതമോ പാടുന്നു.
ശുശ്രൂഷകര്‍ കര്‍ത്താവിന്‍റെ മേശയിങ്കലേക്കു വരുമ്പോള്‍ ജനങ്ങള്‍ എഴുന്നേറ്റ് നില്‍ക്കണം.
2) നമുക്കു പ്രാര്‍ത്ഥിക്കാം (Collect for Purity)
സര്‍വ്വശക്തനായ ദൈവമേ, നിനക്കു സകല ഹൃദയങ്ങളും തുറന്നിരിക്കുന്നവയും, സകല ആഗ്രഹങ്ങളും അറിയപ്പെട്ടവയും, നിന്നില്‍നിന്നു രഹസ്യങ്ങളൊന്നും മറവില്ലാത്തതുമാകുന്നു. ഞങ്ങൾ നിന്നെ പൂര്‍ണ്ണമായി സ്‌നേഹിപ്പാനും നിന്‍റെ പരിശുദ്ധ നാമത്തെ യോഗ്യമായി മഹത്വപ്പെടുത്തുവാനും, നിന്‍റെ പരിശുദ്ധാത്മാവിന്റെ നിശ്വാസത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളിലെ നിനവുകളെ ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വെടിപ്പാക്കണമേ. ആമെൻ.
3) “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം…” (Gloria)
“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വവും, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനവും ഉണ്ടാകട്ടെ. കര്‍ത്താവായ ദൈവമേ, സ്വര്‍ഗീയ രാജാവേ, സര്‍വ്വശക്തിയുള്ള പിതാവേ, ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു; ഞങ്ങള്‍ നിന്നെ വന്ദിക്കുന്നു; ഞങ്ങള്‍ നിന്നെ മഹത്വപ്പെടുത്തുന്നു; നിന്‍റെ വലിയ മഹത്വത്തിനായി ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു.
ഏകജാതനായ പുത്രനായ യേശുക്രിസ്തുവാകുന്ന കര്‍ത്താവേ, കര്‍ത്താവായ ദൈവമേ, പിതാവിന്‍റെ പുത്രനേ, ലോകത്തിന്റെ പാപം ചുമക്കുന്നവനേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നവനേ, ഞങ്ങളോടു കരുണയുണ്ടാകണമേ.
നീ മാത്രമല്ലോ പരിശുദ്ധൻ, നീ മാത്രം കർത്താവ്; മശിഹായേ, നീ മാത്രം പരിശുദ്ധാത്മാവിനോടുകൂടെ പിതാവായ ദൈവത്തിന്റെ മഹത്വത്തിൽ മഹോന്നതനാകുന്നു. ആമെൻ.”
4) ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും ചുരുക്കം
നമ്മുടെ കര്‍ത്താവ് പറഞ്ഞ പ്രകാരം ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും ചുരുക്കം
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു അരുളിച്ചെയ്യുന്നത്:
യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവാകുന്നു. നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണശക്തിയോടുകൂടെ സ്നേഹിക്കേണം. ഇതാകുന്നു ഒന്നാമത്തെ കല്പന.
രണ്ടാമത്തെ അതിനോടു സമം: അതായതു നിന്‍റെ കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.
ഇവയില്‍ വലുതായി വേറൊരു കല്പനയും ഇല്ല. ഈ രണ്ടു കൽപ്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.
കർത്താവേ, ഞങ്ങളോടു കരുണയുണ്ടായി ഈ കല്‌പനയെ കാക്കുവാൻ ഞങ്ങളുടെ ഹൃദയങ്ങളെ വണക്കേണമേ.
II. അനുതാപം (Confession & Absolution)
5) അനുതാപആഹ്വാനം
പ്രിയരേ, ദൈവത്തിന്റെ ഏറ്റവും പരിശുദ്ധവചനം കേൾക്കുവാനും കർത്താവിന്റെ ശരീരരക്തങ്ങൾ കൈക്കൊള്ളുവാനും നാം ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ നമുക്കു മുട്ടുകുത്തി മൗനമായി നമ്മെത്തന്നെ ശോധനചെയ്‌തു വിശ്വാസത്തോടും അനുതാപത്തോടും അവങ്കലേക്കു സമീപിക്കുന്നതിനു ദൈവകൃപ അന്വേഷിക്കാം.
നിങ്ങളുടെ പാപങ്ങളെക്കുറിച്ചു നേരായും താത്പര്യമായും മാനസാന്തരപ്പെട്ടു, നിങ്ങളുടെ കൂട്ടുകാരോടു പ്രിയവും സ്നേഹവുമായിരുന്നു ദൈവത്തിൻ്റെ കൽപ്പനകൾ അനുസരിച്ചുകൊണ്ടും, മേലാൽ അവന്റെ വിശുദ്ധ വഴികളിൽകൂടെ നടന്നുകൊണ്ടും, പുതിയ ജീവിതം നയിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന നിങ്ങൾ, നമ്മുടെ കർത്താ യേശുക്രിസ്തു മൂലം അവനോടു പുതുതായി നിരപ്പാക്കപ്പെടേണ്ടതിനു സർവ്വശക്തനായ ദൈവത്തോടു താ യായി നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുവിൻ.
6) പാപസമ്മതം
സ്വർഗസ്ഥ പിതാവേ, ഞങ്ങൾ നിനക്കും ഞങ്ങളുടെ അയൽക്കാർക്കും വിരോധമായി പാപം ചെയ്തിരിക്കുന്നു എന്ന് ഏറ്റുപറയുന്നു; ഞങ്ങൾ പ്രകാശത്തിലല്ല, ഇരുട്ടില്ലത്രെ നടന്നിരിക്കുന്നതു. ഞങ്ങൾ കർത്താവിൻ്റെ നാമം ഉച്ചരിക്കുന്നെങ്കിലും ഞങ്ങൾ അനീതി വിട്ടകന്നിട്ടില്ല. ഞങ്ങളോടു കരുണയുണ്ടാകേണമേ. യേശുക്രിസ്തു നിമിത്തം ഞങ്ങളുടെ സകല പാപങ്ങളും ഞങ്ങളോടു ക്ഷമിക്കേണമേ. നിന്റെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ വെടിപ്പാക്കേണമേ. ഞങ്ങളുടെ മനസ്സാക്ഷികളെ ഉണർത്തേണമേ. മറ്റുള്ളവരോടു ഹൃദയപൂർവ്വം ക്ഷമിക്കുവാൻ ത പ്രാപ്‌തി ഞങ്ങൾക്കു നൽകേണമേ.
നിന്റെ നാമത്തിന്റെ മഹത്വത്തിനായി ജീവൻ്റെ പുതുക്കത്തിൽ മേലാൽ നിന്നെ സേവിക്കുവാൻ ഞങ്ങൾക്കു കൃപ നൽകേണമെന്നു ഞങ്ങളുടെ കർത്താവായ യേശുക്രിസ്തു മൂലം ഞങ്ങൾ അപേക്ഷിക്കുന്നു. ആമെൻ.
7) കൃപാമൊഴി
സത്യമായി ക്രിസ്തുവിൽകൂടെ തങ്കലേക്കു തിരിയുന്ന എല്ലാവരോടുമുള്ള ദൈവത്തിൻ്റെ കൃപാമൊഴി കേൾക്കുവിൻ:
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. മത്താ. 11:28
തൻ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹ. 3:16
ക്രിസ്തുയേശു പാപികളെ രക്ഷിക്കുവാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിക്കുവാൻ യോഗ്യവുമായ വചനം തന്നെ 1തിമൊ. 1:15
ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതിമാനായ യേശുക്രിസ്തതു എന്ന കാര്യസ്ഥൻ നമുക്കു പിതാവിൻ അടുക്കൽ ഉണ്ട്. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു. 1യോഹ. 2:1,2
8) മോചനപ്രഖ്യാപനം
മനഃപൂർവ്വമായ മാനസാന്തരത്തോടും സത്യവിശ്വാസത്തോടും തങ്കലേക്കു തിരിയുകയും തങ്ങളുടെ സഹോദരരോടു ക്ഷമിക്കുകയും ചെയ്യുന്ന എല്ലാവർക്കും പാപമോചനം നൽകുമെന്നു തൻ്റെ മഹാകരുണയാൽ വാഗ്ദത്തം ചെയ്തിരിക്കുന്ന സ്വർഗസ്ഥപിതാവായ സർവ്വശക്തിയുള്ള ദൈവം, നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം
നിങ്ങളോടു കരുണയുണ്ടായി, നിങ്ങളുടെ സകല പാപങ്ങളും ക്ഷമിച്ചു, അവയിൽനിന്നു നിങ്ങളെ വിടുവിച്ചു, സകല നന്മയിലും ഉറപ്പിച്ചു ബലപ്പെടുത്തി, നിങ്ങളെ നിത്യജീവങ്കലേക്കു പ്രവേശിപ്പിക്കട്ടെ.
ആമെൻ, ദൈവമേ, നിനക്കു സ്തോത്രം.
III. ദൈവവചന ശുശ്രൂഷ (Liturgy of the Word)
9) ആശംസ
ശുശ്രൂഷകന്‍: കർത്താവു നിങ്ങളോടുകൂടെ ഇരിക്കട്ടെ.
ജനങ്ങള്‍: നിങ്ങളോടുകൂടെയും.
ശുശ്രൂഷകന്‍: നമുക്കു പ്രാർത്ഥിക്കാം.
Collect for the day
10) പാഠങ്ങള്‍
LESSON — OLD TESTAMENT
Congregation: ദൈവമേ, നിനക്കു സ്തോത്രം ഉണ്ടാകട്ടെ.
Psalm (Read Responsively)
Second Lesson
Congregation: ദൈവമേ, നിനക്കു സ്തോത്രം ഉണ്ടാകട്ടെ.
Gospel
Congregation: ക്രിസ്‌സ്തുവേ, നിനക്കു സ്തുതി ഉണ്ടായിരിക്കട്ടെ.
Hymn
Sermon
11) വിശ്വാസപ്രമാണം (നിഖ്യാ)
സർവ്വശക്തിയുള്ള പിതാവായി, ആകാശത്തേയും ഭൂമിയെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായുള്ള സകലത്തെയും സൃഷ്ടിച്ചവനായ ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകജാതനായ പുത്രനായി, ഏകകർത്താവായ യേശുക്രിസ്‌തുവിലും ഞാൻ വിശ്വസിക്കുന്നു;
അവൻ സർവ്വലോകങ്ങൾക്കും മുമ്പെ തൻ്റെ പിതാവിൽ നിന്നു ജനിപ്പിക്കപ്പെട്ടവൻ. ദൈവത്തിൽനിന്നു ദൈവം, പ്രകാശത്തിൽനിന്നു പ്രകാശം, സത്യദൈവത്തിൽനിന്നു സത്യദൈവം, ജനിപ്പിക്കപ്പെട്ടവൻ, ഉണ്ടാക്കപ്പെട്ടവനല്ല. പിതാവിനോട് ഏകത്വമുള്ളവൻ, അവനാൽ സകലവും ഉണ്ടായി, അവൻ മനുഷ്യരായ നമുക്കും നമ്മുടെ രക്ഷയ്ക്കുംവേണ്ടി സ്വർഗത്തിൽനിന്ന് ഇറങ്ങി, പരിശുദ്ധാത്മാവിനാൽ കന്യകമറിയയിൽനിന്ന് അവതരിച്ചു മനുഷ്യനായിത്തീർന്നു. പൊന്തിയോസ് പീലാത്തോസിൻ്റെ കീഴിൽ നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടു.
അവൻ കഷ്ടപ്പെട്ടു, അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു, സ്വർഗത്തിലേക്കു കയറി, പിതാവിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. അവൻ ജീവനുള്ളവരെയും മരിച്ചവരെയും ന്യായം വിധിപ്പാൻ മഹത്വത്തോടെ വീണ്ടും വരും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. കർത്താവും ജീവിപ്പിക്കുന്നവനും, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നവനും പിതാവിനോടും പുതനോടുംകൂടെ വന്ദിക്കപ്പെട്ടു മഹത്വപ്പെടുന്നവനും, പ്രവാചകരെക്കൊണ്ടു പറയിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
കാതോലികവും അപ്പൊസ്തലികവുമായ ഏക വിശുദ്ധസഭയിലും ഞാൻ വിശ്വസിക്കുന്നു. പാപമോചനത്തിനുള്ള ഏകബപ്‌തീസ്‌മയെ ഞാൻ അനുസരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തിനും വരുവാനുള്ള ലോകത്തിലെ ജീവനും ഞാൻ കാത്തിരിക്കുന്നു.
ആമെൻ.
IV. മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ (Intercessions / Litany)
മേലിൽനിന്നുള്ള സമാധാനത്തിനുവേണ്ടിയും നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
ലോകസമാധാനത്തിനുവേണ്ടിയും, ദൈവത്തിന്റെ വിശുദ്ധസഭയുടെ ക്ഷേമത്തിനുവേണ്ടിയും, സകല മനുഷ്യരുടെയും ഐക്യത്തിനുവേണ്ടിയും നമുക്കു കർത്താവി നോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
സഭാമേലദ്ധ്യക്ഷന്മാർക്കുവേണ്ടിയും, എല്ലാ ശുശ്രൂഷകർക്കുവേണ്ടിയും, വിശേഷാൽ …….എന്ന നമ്മുടെ മോഡറേറ്റർക്കുവേണ്ടിയും. …..എന്ന ഉത്തരേന്ത്യാ സഭ മോഡറേറ്റർക്കുവേണ്ടിയും. …..എന്ന മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തായ്ക്കുവേണ്ടിയും……….. എന്ന നമ്മുടെ ബിഷപ്പിനുവേണ്ടിയും, അവർ ശുദ്ധഹൃദയത്തോടും നല്ല മനസ്സാക്ഷിയോടുംകൂടെ തങ്ങളുടെ ശുശ്രൂഷയെ നിവർത്തിക്കേണ്ടതിനും നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം
കർത്താവേ, കരുണയുണ്ടാകണമേ.
നമ്മുടെ രാജ്യത്തെ എല്ലാ ഭരണകർത്താക്കൾക്കുവേണ്ടിയും, അധികാരത്തിലുള്ള മറ്റെല്ലാവർക്കുവേണ്ടിയും നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
രോഗികൾക്കും കഷ്‌ടപ്പെടുന്നവർക്കും ദുഃഖിതർക്കും മരിക്കാറായവർക്കുംവേണ്ടി നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
അഗതികൾക്കും വിശന്നിരിക്കുന്നവർക്കും അനാഥർക്കും വിധവമാർക്കും പീഡ അനുഭവിക്കുന്നവർക്കും വേണ്ടി നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
അന്ധകാരത്തിൽനിന്നു തൻറെ അത്ഭുതപ്രകാശത്തിലേക്കു നമ്മെ വിളിച്ചവൻ്റെ സദ്ഗുണങ്ങൾ ഘോഷിക്കുവാൻ നമുക്കുവേണ്ടിയും ക്രിസ്‌തുവിൻ്റെ നാമം ഏറ്റുപറയുന്ന ഏവർക്കുവേണ്ടിയും നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
ഈ ഭൂമിയിൽ ദൈവത്തെ സേവിച്ചു, ഇപ്പോൾ വിശ്രമിക്കുന്ന എല്ലാ ദൈവഭ്യത്യരോടുംകൂടെ തൻ്റെ അന്തമില്ലാത്ത സന്തോഷത്തിന്റെ പൂർണ്ണതയിലേക്കു പ്രവേശിക്കുന്നതിനായി നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം.
കർത്താവേ, കരുണയുണ്ടാകണമേ.
സർവ്വശക്തനായ കർത്താവേ, നിന്റെ ആത്മാവ് ശരീരമാകുന്ന സഭയെ മുഴുവനും ഭരിച്ചു ശുദ്ധീകരിക്കുന്നുവല്ലോ. നിൻ്റെ വിശുദ്ധ സഭയിലെ എല്ലാവിധത്തിലുമുള്ള ജനങ്ങൾക്കുംവേണ്ടി ഞങ്ങൾ കഴിക്കുന്ന അപേക്ഷകളും പ്രാർത്ഥനകളും കൈക്കൊള്ളണമേ. അതിലുള്ള ഓരോരുത്തനും അവനവൻ്റെ വിളിയിലും ശുശ്രൂഷയിലും നിന്നെ സത്യത്തോടും ഭക്തിയോടും സേവിക്കേണ്ടതിനു ഞങ്ങൾളുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു മൂലം കൃപ അരുളണമേ. ആമെൻ.
നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻ്റെ കൃപയും, ദൈവത്തിൻ്റെ സ്നേഹവും, പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമെൻ.
V. സമാധാനം (The Peace)
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു. അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
ഞാൻ അവൻ്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും. ഞാൻ കർത്താവിനു പാടി കീർത്തനം ചെയ്യും.
(Kiss of Peace)
VI. ദാനാര്‍പ്പണം (Offertory)
Hymn – Collection – Bringing of the Elements
നിന്റെ പ്രിയപുത്രൻ്റെ രക്തത്താൽ നിൻ്റെ കൃപാസനത്തിലേക്കുള്ള പുതുവഴിയെ പ്രതിഷ്‌ഠിച്ചിരിക്കുന്ന പരിശുദ്ധ പിതാവേ, അവൻ മുഖാന്തരം അയോഗ്യരായ ഞങ്ങൾ നിങ്കലേക്ക് അടുത്തുവരുന്നു. സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം നിനക്കുള്ളതല്ലോ. നിന്റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തരുന്നതേയുള്ളൂ. ഞങ്ങളെയും ഞങ്ങളുടെ ഈ ദാനങ്ങളെയും നീ കൈക്കൊണ്ടു നിൻ്റെ മഹത്വത്തിനായി ഉപയോഗിക്കണമെന്നു താ മയോടെ ഞങ്ങൾ നിന്നോടപേക്ഷിക്കുന്നു. ആമെൻ.
യേശുവേ, ശ്രേഷ്‌ഠമഹാപുരോഹിതനായുള്ളാവേ, നിന്റെ ശിഷ്യന്മാരുടെ നടുവിൽ നീ സന്നിഹിതനായിരുന്നതുപോലെ ഞങ്ങളുടെ മദ്ധ്യത്തിലും വന്ന് അപ്പം നൂറുക്കുന്നതിൽ നിന്നെത്തന്നെ ഞങ്ങൾക്കു വെളിപ്പെടുത്തിത്തരേണമെന്നു പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ ഏകദൈവമായി കാലാവസാനംകൂടാതെ ജീവിച്ചു വാഴുന്ന നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമെൻ.
VII. Sursum Corda
ശുശ്രൂഷകന്‍: കർത്താവ് നിങ്ങളോടുകൂടെ ഇരിക്കട്ടെ.
ജനങ്ങള്‍: നിങ്ങളോടുകൂടെയും.
ശുശ്രൂഷകന്‍: നിങ്ങളുടെ ഹൃദയങ്ങളെ ഉയർത്തുവിൻ.
ജനങ്ങള്‍: ഞങ്ങൾ അവയെ കർത്താവിങ്കലേക്ക് ഉയർത്തുന്നു.
ശുശ്രൂഷകന്‍: നമ്മുടെ ദൈവമായ കർത്താവിനു നമുക്കു സ്തോത്രം ചെയ്യാം.
ജനങ്ങള്‍: അങ്ങനെ ചെയ്യുന്നതു യുക്തവും ന്യായവും ആകുന്നു.
VIII. പ്രസ്താവന (Preface)
പരിശുദ്ധ കർത്താവേ, സർവ്വശക്തനായ പിതാവേ, നിത്യദൈവമേ, ഞങ്ങൾ എല്ലാ കാലങ്ങളിലും എല്ലാ സ്ഥലങ്ങളിലും നിനക്കു സ്തോത്രം ചെയ്യുന്നത് ഏറ്റവും യുക്തവും ന്യായവും ഞങ്ങൾ ചെയ്യേണ്ടുന്ന മുറയുമാകുന്നു. *നിൻ്റെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്‌തു മൂലമായിട്ടുതന്നെ; അവൻ മുഖാന്തരം നീ ആകാശവും ഭൂമിയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി, മനുഷ്യനെ നിന്റെ സ്വന്ത സാദൃശ്യത്തിൽ നിർമ്മിക്കുകയും ചെയ്തു.
അവൻ പാപത്തിൽ വീണപ്പോൾ പുതിയ സൃഷ്ടിയുടെ ആദ്യഫലമാകേണ്ടതിന് അവനെ വീണ്ടെടുക്കുകയും ചെയ്തു.
IX. ത്രിശുദ്ധ കീര്‍ത്തനം (Sanctus)
അതുകൊണ്ടു ദൈവദൂതന്മാരോടും പ്രധാന ദൈവദൂതന്മാരോടും സ്വർഗത്തിലെ സകല സംഘത്തോടുംകൂടെ ഞങ്ങൾ എപ്പോഴും നിന്നെ സ്തുതിച്ചും, സൈന്യങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ആകാശവും ഭൂമിയും നിൻ്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു. മഹോന്നതനായ കർത്താവേ, നിനക്കു മഹത്വം എന്നു ചൊല്ലിയും നിൻ്റെ മഹത്വമുള്ള നാമത്തെ പുകഴ്ത്തി മഹത്വപ്പെടുത്തത്തുന്നു. ആമെൻ. കർത്താവിൻ്റെ നാമത്തിൽ വന്നവനും വരുവാനിരിക്കുന്നവനും വാഴ്ത്തപ്പെട്ടവനാകുന്നു. ഉന്നതങ്ങളിൽ സ്തുതി.
X. യൂക്കരിസ്റ്റിക് പ്രാര്‍ത്ഥന (Eucharistic Prayer)
സ്വർഗസ്ഥപിതാവേ, നീ സത്യമായി പരിശുദ്ധനാകുന്നു.നീ സത്യമായി വാഴ്ത്തപ്പെട്ടവനാകുന്നു. മനുഷ്യവർഗത്തോടുള്ള നിന്റെ ആർദ്രസ്നേഹംകൊണ്ടു നിന്റെ ഏകപുതനായ യേശുക്രിസ്തുവിനെ ഞങ്ങളുടെ മനുഷ്യസ്വഭാവം എടുക്കുവാനും ഞങ്ങളുടെ വീണ്ടെടുപ്പിനായി കുരിശിന്മേൽ മരണം അനുഭവിക്കുവാനും തന്നുവല്ലോ. അവൻ ഒരിക്കലായി തന്നെത്തന്നെ ഏക വഴിപാടായി അർപ്പിച്ചതിനാൽ സർവ്വലോകത്തിന്റെയും പാപങ്ങൾക്കായിട്ടു തികവായി, പൂർണ്ണമായി, മതിയാകുന്ന യാഗവും വഴിപാടും പ്രതിശാന്തിയും തികെക്കയും, താൻ വീണ്ടും വരുവോളം തന്റെ വിലയേറിയ മരണത്തെക്കുറിച്ച് ഇടവിടാതുള്ള ഓർമ്മയെ നിയമിക്കയും, അതിനെ എപ്പോഴും ആചരിക്കണമെന്നു തന്റെ വിശുദ്ധ സുവിശേഷത്തിൽ ഞങ്ങളോടുകല്പിക്കയും ചെയ്തുവല്ലോ.
അവൻ താൻ ഒറ്റിക്കൊടുക്കപ്പെട്ട ആ രാത്രിയിൽതന്നെ അപ്പം എടുത്തു സ്തോത്രം ചൊല്ലി, അതിനെ നുറുക്കി, തന്റെ ശിഷ്യന്മാർക്കു കൊടുത്തു പറഞ്ഞു: വാങ്ങി, ഭക്ഷിക്കുവിൻ. ഇതു നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എൻ്റെ ശരീരമാകുന്നു; എന്റെ ഓർമ്മയ്ക്കായി ഇതു ചെയിൻ.
അത്താഴം കഴിഞ്ഞതിന്റെശേഷം അപ്രകാരംതന്നെ അവൻ പാനപാത്രതം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു പറഞ്ഞു: നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ; എന്തെന്നാൽ ഇതു നിങ്ങൾക്കുവേണ്ടിയും അനേകർക്കുവേണ്ടിയും പാപമോചനത്തിനായിട്ടു ചൊരിയപ്പെടുന്ന പുതിയ നിയമത്തിനുള്ള എൻ്റെ രക്തമാകുന്നു. നിങ്ങൾ ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
ആമെൻ, കർത്താവേ, നിൻ്റെ മരണത്തെ ഞങ്ങൾ കൊണ്ടാടുന്നു. നിന്റെ ഉയിർപ്പിനെ ഞങ്ങൾ ഏറ്റുപറയുന്നു. നിന്റെ രണ്ടാമത്തെ വരവിനെ ഞങ്ങൾ കാത്തിരിക്കുന്നു. നിനക്കു മഹത്വമുണ്ടാകട്ടെ.
അതുകൊണ്ടു പിതാവേ, ഞങ്ങളുടെ കർത്താവായനിന്റെ പുത്രന്റെ വിലയേറിയ മരണവും കഷ്ടപ്പാടും അവന്റെ മഹത്വമുള്ള പുനരുത്ഥാനവും സ്വർഗാരോഹണവും ഓർത്തുകൊണ്ടും, അവനിൽ നീ ഞങ്ങൾക്കായി സമ്പാദിച്ച പൂർണ്ണവീണ്ടെടുപ്പിനായി ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തുകൊണ്ടും, അവൻ കല്‌പിച്ചപ്രകാരം അവൻ വരുവോളം, അവൻ്റെ ഓർമ്മയ്ക്കായി നിൻ്റെ ദാസരായ ഞങ്ങൾ ഇതു ചെയ്യുന്നു.
കർത്താവായ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രംചെയ്യുന്നു. ഞങ്ങൾ നിന്നെ സ്തുതിക്കുന്നു; ഞങ്ങൾ നിന്നെ മഹിമപ്പെടുത്തുന്നു.
കരുണയുള്ള പിതാവേ, ഞങ്ങളെയും നിൻ്റെ ഈ ദാനങ്ങളായ അപ്പത്തെയും വീഞ്ഞിനെയും നിൻ്റെ പരിശുദ്ധാത്മാവിനാൽ ശുദ്ധീകരിച്ചു, ഞങ്ങൾ മുറിക്കുന്ന ഈ അപ്പം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ കൂട്ടായ്മയും ഞങ്ങൾ വാഴ്ത്തുന്ന ഈ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിൻ്റെ കൂട്ടായ്മയും ആകേണ്ടതിനു കൃപ നൽകണമെന്നു ഞങ്ങൾ തായ്മയോടെ അപേക്ഷിക്കുന്നു. അങ്ങനെ അവനിൽ യോജിപ്പിക്കപ്പെട്ടു ഞങ്ങൾ എല്ലാവരും വിശ്വാസത്തിന്റെ ഐക്യം പ്രാപിച്ചു ഞങ്ങളുടെ കർത്താവാകുന്ന മശിഹാ എന്ന തലയാകുന്ന അവങ്കലേക്കു സകലത്തിലും വളരേണ്ടതിനു കൃപ നൽകണമേ. അവൻ മൂലമായും അവനോടുകൂടെയും പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ സർവ്വശക്തനായ പിതാവേ, നിനക്കു സകല ബഹുമാനവും മഹത്വവും കാലാവസാനംകൂടാതെ ഉണ്ടായിരിക്കട്ടെ. ആമെൻ.
XI. കര്‍ത്താവിന്‍റെ പ്രാര്‍ത്ഥന (Lord’s Prayer)
നമ്മുടെ രക്ഷിതാവായ ക്രിസ്‌തു ആജ്ഞാപിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രകാരം നാം ധൈര്യത്തോടെ പ്രാർത്ഥിച്ചു ചൊല്ലുന്നു:
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടണമെ; നിന്റെ രാജ്യം വരേണമെ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരണമെ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്‌ടങ്കൽ നിന്നും ഞങ്ങളെ വിടുവിക്കണമെ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. ആമെൻ.
XII. താഴ്മയുടെ പ്രാര്‍ത്ഥന (Prayer of Humble Access)
കരുണയുള്ള കർത്താവേ, ഞങ്ങൾ നിൻ്റെ പല വിധമായുള്ള വലിയ കരുണകളിൽ അല്ലാതെ ഞങ്ങളുടെ സ്വന്ത നീതിയിൽ ആശ്രയിച്ചുകൊണ്ടു നിൻ ഈ മേശയിങ്കലേക്കു വരുവാൻ തുനിയുന്നില്ല. ഞങ്ങൾ നിന്റെ മേശയിൽ നിന്നു വീഴുന്ന അപ്പനുറുക്കുകൾപോലും അനുഭവിക്കുവാൻ യോഗ്യതയുള്ളവരല്ല, എന്നാൽ നീ എപ്പോഴും കരുണ ചെയ്യുന്ന സ്വഭാവമുള്ള കർത്താവുതന്നെ ആകുന്നു.
അതുകൊണ്ടു കൃപയുള്ള കർത്താവേ, ഞങ്ങളുടെ പാപശരീരങ്ങളും ആത്മാക്കളും നിന്റെ ഇഷ്ടപുത്രനായ യേശുക്രിസ്തുവിന്റെ ഏറ്റവും വിലയേറിയ ശരീരത്താലും രക്തത്താലും ശുദ്ധീകരിക്കപ്പെടുവാനും ഞങ്ങൾ അവനിലും അവൻ ഞങ്ങളിലും എപ്പോഴും വസിക്കുവാനും ഞങ്ങൾ അവന്റെ മാംസം ഭക്ഷിയും അവൻ്റെ രക്തം കുടിക്കയും ചെയ്യേണ്ടതിനു ഞങ്ങൾക്കു കൃപ തരേണമേ. ആമെൻ.
XIII. അപ്പം നുറുക്കല്‍ / വിശുദ്ധസംസര്‍ഗം (Fraction & Communion)
നാം നൂറുക്കുന്ന അപ്പം ക്രിസ്‌തുവിൻ്റെ ശരീരത്തിന്റെകൂട്ടായ്മ അല്ലയോ?
ജീവന്റെ അപ്പമാകുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരം.
സത്യമുന്തിരിവള്ളിയായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ രക്തം.
ലോകത്തിൻ്റെ പാപത്ത ചുമന്നെടുക്കുന്നവനായ ദൈവത്തിൻ്റെ കുഞ്ഞാടേ, ഞങ്ങളോടു കരുണയുണ്ടാകണമെ. ലോകത്തിൻ്റെപാപത്തെ ചുമന്നെടുക്കുന്നവനായ ദൈവത്തിൻ്റെ കുഞ്ഞാടേ, ഞങ്ങളോടു കരുണയുണ്ടാകണമെ. ലോകത്തിന്റെ പാപത്തെ ചുമന്നെടുക്കുന്നവനായി ദൈവത്തിൻ്റെ കുഞ്ഞാടേ, നിന്റെ സമാധാനം ഞങ്ങൾക്കുനൽകണമേ.
XIV. ശേഷപ്രാര്‍ത്ഥന (Post Communion Thanksgiving)
ഇപ്പോൾ ക്രിസ്‌തുവിൻ്റെ ശരീരത്തിന്റെയും രക്തത്തിന്റെയും സക്രമെന്തു വിശ്വാസത്താൽ കൈക്കൊണ്ട നമുക്കു ദൈവത്തിനു സ്തോത്രം ചെയ്യാം.
Option 1
സർവ്വശക്തനായ ദൈവമേ, സ്വർഗസ്ഥപിതാവേ, നിന്റെ വാത്സല്യപുത്രനും ഞങ്ങളുടെ കർത്താവുമായ യേശുമശിഹായിൽ ഞങ്ങളെ നിൻ്റെ മക്കളായി നീ സ്വീകരിച്ചിരിക്കുന്നുവല്ലോ. അവൻ്റെ മഹാ വിലയേറിയ ശരീരവും രക്തവുമാകുന്ന ആത്മീയ ആഹാരംകൊണ്ടു നീ ഞങ്ങളെ പോഷിപ്പിച്ചു, ഞങ്ങൾക്കു പാപമോചനവും നിത്യജീവനെക്കുറിച്ചുള്ള വാഗ്ദാനവും നൽകിയിരിക്കുന്നു. നിൻ്റെ ഈ വിലതീരാത്ത ഉപകാരങ്ങൾക്കായി ഞങ്ങൾ നിനക്കു സ്തോത്രം ചെയ്‌തു നിന്നെ സ്തുതിക്കുന്നു. ഞങ്ങൾ ഞങ്ങളെത്തന്നെ—ഞങ്ങളുടെ ശരീരങ്ങളും ആത്മാക്കളും ജീവനും വിശുദ്ധിയുമുള്ള യാഗമായി നിനക്കു സമർപ്പിക്കുന്നു.
അതാകുന്നുവല്ലോ ഞങ്ങളുടെ ഏറ്റവും ഉചിതമായ ആരാധന. ഞങ്ങൾ ഈ ലോകത്തിന് അനുരൂപരാകാതെ, നല്ലതും പൂർണ്ണവുമായ ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനായി മനസ്സു പുതുക്കി രൂപാന്തരപ്പെടേണ്ടതിനു സഹായിക്കേണമേ. അങ്ങനെ ഞങ്ങൾ ഭൂമിയിൽ നിന്നെ അനുസരിച്ച് ഒടുവിൽ നിൻ്റെ സ്വർഗീയ രാജ്യത്തിൽ നിൻ്റെ സകല വിശുദ്ധരോടുംകൂടെ സന്തോഷിക്കേണ്ടതിനു കൃപയരുളണമെന്നും നിന്നോടപേക്ഷിക്കുന്നു. അവൻ നിന്നോടും പരിശുദ്ധാത്മാവിനോടുംകൂടെ എന്നേക്കും ഏകദൈവമായി ജീവിച്ചുവാഴുന്നുവല്ലോ. ആമേൻ.
അല്ലെങ്കിൽ (Option 2)
സർവ്വശക്തനും നിത്യനുമായ ദൈവമേ, ഈ വിശുദ്ധ മർമ്മങ്ങൾ ക്രമമായി കൈക്കൊണ്ടിരിക്കുന്ന ഞങ്ങളെ നിൻ്റെ പുത്രനും ഞങ്ങളുടെ രക്ഷിതാവുമായ യേശുമശിഹായുടെ മഹാ വിലയേറിയ ശരീരവും രക്തവുമാകുന്ന ആത്മീയ ആഹാരംകൊണ്ടു പോഷിപ്പിക്കുവാൻ നിനക്ക് ഇഷ്ടം തോന്നുകകൊണ്ടു ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു. അതിനാൽ ഞങ്ങളിലേക്കു നിനക്കുള്ള കൃപയെയും നന്മയെയുംകുറിച്ചു നീ ഞങ്ങൾക്ക് ഉറപ്പു നൽകിയിരിക്കുന്നതിനായും ഞങ്ങൾ നിന്നെ വാഴ്ത്തുന്നു.
ഞങ്ങൾ സകല വിശ്വാസികളുടെയും അനുഗ്രഹിക്കപ്പെട്ട കൂട്ടമായ നിൻ്റെ പുത്രൻ്റെ ജ്ഞാനശരീരത്തിലേക്കു ചേർക്കപ്പെട്ട സാക്ഷാൽ അവയവങ്ങളാകുന്നുവല്ലോ. നിന്റെ ഇഷ്ടപുത്രൻ്റെ മഹാവിലയേറിയ മരണത്തിൻ്റെയും കഷ്ടപ്പാടിന്റെയും പുണ്യങ്ങൾമൂലം ആശയാൽ ഞങ്ങൾ നിന്റെ നിത്യരാജ്യത്തിന് അവകാശികളുമാകുന്നു. ഈ നിശ്ചയം ഞങ്ങൾക്കു നൽകിയിരിക്കുന്നതിനായി ഞങ്ങൾ നിനക്കു മനഃപൂർവ്വമായി സ്തോത്രം ചെയ്യുന്നു. അതുകൊണ്ടു കർത്താവേ, ഇവിടെ ഞങ്ങൾ ഞങ്ങളെത്തന്നെ—ഞങ്ങളുടെ ആത്മാക്കളും ശരീരങ്ങളും—വിവേകവും വിശുദ്ധിയും ജീവനുമുള്ള യാഗമായി നിനക്കു സമർപ്പിക്കുന്നു.
സ്വർഗസ്ഥപിതാവേ, ആ വിശുദ്ധ കൂട്ടായ്‌മയിൽ ഞങ്ങൾ നിലനിൽക്കുവാനായിട്ടും, ഞങ്ങൾ ചെയ്യേണ്ടതിനായി നീ ഒരുക്കിയിരിക്കുന്ന സകല സൽക്രിയകളെയും പ്രവർത്തിക്കുവാനായിട്ടും നിൻറെ കൃപകൊണ്ടു ഞങ്ങൾക്കു സഹായിക്കണമെന്നു ഞങ്ങളുടെ കർത്താവായ യേശുക്രിസ്തു മൂലം ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്നു. അവനു നിന്നോടും പരിശുദ്ധാത്മാവിനോടുംകൂടെ സകല ബഹുമാനവും മഹത്വവും കാലാവസാനംകൂടാതെ ഉണ്ടായിരിക്കട്ടെ.
ആമെൻ, നമ്മുടെ ദൈവത്തിനു എന്നന്നേക്കും സ്‌തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും ഉണ്ടായിരിക്കട്ടെ. ആമെൻ.
XV. ആശീര്‍വാദം (Blessing)
സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം, ദൈവത്തെയും അവൻ്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള അറിവിലും സ്നേഹത്തിലും നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും കാക്കട്ടെ; പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ള സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹവും നിങ്ങളുടെ ഇടയിൽ ഉണ്ടായി, എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കട്ടെ. ആമെൻ.
XVI. വിടവാങ്ങല്‍ (Dismissal)
ശുശ്രൂഷകന്‍: കര്‍ത്താവ് നിങ്ങളോടുകൂടെ ഇരിക്കട്ടെ.
ജനങ്ങള്‍: നിങ്ങളുടെ ആത്മാവോടും കൂടെയും.
ശുശ്രൂഷകന്‍: നാം സമാധാനത്തോടെ പോകാം.
ജനങ്ങള്‍: കര്‍ത്താവിന്റെ നാമത്തില്‍ തന്നേ.

